" The life you have led
doesn't need to be the only life you have."
Anna Quindten
യാത്ര
ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ടപ്പോൾ തന്നെ അയാൾക്ക് ദേഷ്യം വന്നു.
റോഡിൽ നിറയെ പട്ടികളാണ്. ഗേറ്റ് തുറന്നു കണ്ടാൽ ഓടിക്കയറി ചവിട്ടിയിൽ വന്നു കിടക്കും. ചിലപ്പോ മൂത്രവും ഒഴിക്കും. പിന്നെ അത് കഴുകി ഉണക്കി എടുക്കൽ എൻ്റെ പണിയാണ്.
അമ്മയും മകളും തിരിഞ്ഞു നോക്കില്ല .
"എല്ലാ കുരുത്തം കെട്ട പണികൾ ചെയ്യാൻ ഞാൻ ഉണ്ടല്ലോ".. പയ്യെ പറഞ്ഞു കൊണ്ട് അയാൾ ഗേറ്റ് കടന്നു വീടിനു മുൻപിലേക്ക് നടന്നു.
"ദേ വാതിലും തുറന്നിട്ടിരിക്കുന്നു ...ഇവൾ ഇതെവിടെ പോയി കിടക്കുന്നു ?"
അയാൾ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറി.
അപ്പോഴേക്കും വീടിനു പിറകിൽ നിന്നും തുണി തല്ലി അലക്കുന്ന ശബ്ദം കേട്ട് അയാൾക്ക് സമാധാനമായി.
"എടീ .. എൻ്റെ യൂണിഫോം നിറയെ അഴുക്കാ .. നീയിതൊന്നു കല്ലീട്ടു തല്ലി അലക്ക് .. എന്നാലേ ഈ അഴുക്കൊന്നു പോകൂ .."
ഇന്നലെ വന്നപ്പോ അവളോട് പറഞ്ഞത് അയാൾ ഓർത്തു.
പാവം... മോളെ പറഞ്ഞു വിട്ടതിനു ശേഷം അലക്കാൻ കയറിയതാകും.
"എന്നെ കൊണ്ട് വയ്യ... ഈ അടുക്കള പണി കഴിഞ്ഞു തുണി തല്ലി അലക്കാൻ ".
"ഒരു ദിവസം ഇവിടെ നിന്ന് ഇതൊക്ക ഒന്ന് ചെയ്തു നോക്ക് .. പുന്നാര മോക്ക് രാവിലെ ചോറ് വരെ വായിൽ വച്ച് കൊടുക്കണം. എട്ടാം ക്ലാസ്സ് ആയി .. അതെങ്ങനെയാ .. മോളെ പുന്നാരിച്ചു വഷളാക്കി വച്ചിരിക്കുകയല്ലേ .. അച്ഛൻ "
"നിങ്ങക്കാണെ പണി പണി .. പണി മാത്രം .. ആഴ്ചയിൽ ഏഴു ദിവസവും പണി." അവൾ തുടങ്ങി.
"വേണ്ട ... ഞാൻ കഴുകികോളാം "... അവൾ പെയ്തു ഒഴിയുന്നതിനു മുൻപേ അയാൾ കയറി പറഞ്ഞു .
അവൾ അങ്ങിനെയാ .. വായ് തുറന്നാൽ പിന്നെ നിർത്തില്ല . ഒന്നും ചെയ്യില്ല എന്ന് പറഞ്ഞാലും, ശരീരം വയ്യെങ്കിലും, എല്ലാ പണിയും ചെയ്തു തളർന്നോടിഞ്ഞു, രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പരാതിയുടെ കൂമ്പാരവുമായി നിൽക്കും.
ഓർത്തപ്പോൾ അയാൾക്ക് പാവം തോന്നി .
അപ്പോഴാണ് മുറിയുടെ നടുവിൽ കിടന്ന ചാരു കസേര അയാളുടെ കണ്ണിൽ പെട്ടത്.
വളരെ നാളായി ഉള്ള ഒരു കൊതി ആയിരുന്നു ഒരു ചാരു കസേര വാങ്ങണം എന്നത്. കഴിഞ്ഞ ആഴ്ച്ച ഡ്യൂട്ടി സറണ്ടർ ചെയ്ത കിട്ടിയ തുക കൊണ്ട് വാങ്ങി .
കൊണ്ടുവന്നു വരാന്തയിൽ ഇട്ടപ്പോൾ തന്നെ അവൾ ഉടക്കി .
"മുൻ വശത്തു ഷർട്ട് ഇടാതെ മലന്നു കിടക്കാനല്ലേ .. വേണ്ട .. അകത്തു ഇട്ടു ഇരുന്നാ മതി."
"ഓഹ് ..നടുക്കത്തെ മുറിയിൽ ഇടാല്ലോ ..അതിനു കൊഴപ്പമില്ലല്ലോ ". അയാൾ അതും പൊക്കി അകത്തേക്ക് കയറി ഒന്നിരിക്കാൻ തുടങ്ങിയപ്പോ തന്നെ അടുത്ത പണി മോളുടെ വക ..
"അച്ഛൻ ഷർട്ട് ഇടാതെ ഇതിൽ ഇരിക്കേണ്ട .. തുണിയിൽ അഴുക്കാകും .. പോയി ഷർട്ട് ഇട്ടു വാ .."
അതും പറഞ്ഞു അവൾ അതിൽ ഇരുന്നു .
"ഇനി ഞാൻ ഇതിൽ ഇരുന്നു പഠിച്ചോളാം .. കൊള്ളാം ..നല്ല സുഖമുണ്ട് "
അങ്ങിനെ അതിനും തീരുമാനമായി.
".. ഞാൻ പഴയ പോലെ നിലത്തു കിടന്നോളാം " അതും പറഞ്ഞു അയാൾ നിലത്തു നിവർന്നു കിടന്നു .
ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോളും മോൾ കസേരയിൽ പുസ്തകം വായിച്ചു ഇരിക്കുന്നു .
അച്ച്ചൻ ഇരിക്കാൻ ചോദിക്കും എന്ന് കണ്ടപ്പോൾ തന്നെ കുഞ്ഞു പറഞ്ഞു .
"അച്ഛൻ കുളിച്ചിട്ടു ഇങ്ങോട്ടു വന്നാ മതി.വിയർപ്പു നാറ്റം ആയിരിക്കും ."
അപ്പോഴാ അവളോട് തുണി തല്ലി അലക്കാൻ വിളിച്ചു പറഞ്ഞതും അവൾ പെയ്യാൻ തുടങ്ങിയതും .
അതോർത്തപ്പോ അയാൾക്ക് ചിരി വന്നു.
ആ ചിരിയോടെ അയാൾ ആ ചാരു കസേരയിൽ അമർന്ന് ഇരുന്നു .
മുകളയിൽ ഫാൻ കറങ്ങുന്നു . നേരത്തെ ഇരുന്ന ആരോ ഫാൻ ഓഫ് ആക്കാതെ പോയതാ .
ആ നനുത്ത കാറ്റേറ്റ് ചാരിക്കിടന്നപ്പോൾ അയാൾക്ക് നല്ല ആശ്വാസം തോന്നി .
കുറച്ചു മുൻപ് എന്ത് വേദനയായിരുന്നു . നെഞ്ച് പൊളിഞ്ഞു പോകുന്നത് പോലെ തോന്നി.
ഒരു കണക്കിനാണ് വണ്ടി സൈഡ് ഒതുക്കി നിർത്തിയത് .
ആ തളർച്ചയിൽ ബ്രേക്കിൽ നിന്ന് കാൽ തനിയെ തെന്നി പോവുകയായിരുന്നു . വണ്ടി ഒന്ന് ചാടി ഗിയറിൽ തന്നെ നിന്നു. ബോധം മറഞ്ഞ് സ്റ്റിയറിംഗ് വീലിലേക്ക് വീഴുമ്പോൾ മുൻപിൽ നിന്ന സ്ത്രീകളാരോ "ചേട്ടാ,ചേട്ടാ .."എന്ന് വിളിക്കുന്നുണ്ടായിരുന്നു .
കൂടെ കണ്ടക്ടർ അനിമോൻ ആയതു ഭാഗ്യം .
അവൻ അയാൾക്കൊരു കുടപ്പിറപ്പിനെ പോലെയാണ് .
എപ്പോഴും വഴക്കു പറയും . ഇങ്ങനെ തുടർച്ചയായി ഡ്യൂട്ടി എടുക്കുന്നത് കാണുമ്പോൾ .
"പഴയ ജിംനാസ്റ്റി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ശരീരത്തിന് ആവശ്യത്തിന് റസ്റ്റ് കൊടുത്തില്ലെങ്കിൽ ഈ തടി ഉണ്ടായിട്ടൊന്നും കാര്യമുണ്ടാവില്ല " കഴിഞ്ഞ ദിവസം വൈകീട്ട് ചായ കുടിക്കാൻ നേരം അവൻ പറഞ്ഞു. .
"ഇല്ലെടാ ഞാൻ അങ്ങിനെ അധികം ഡ്യൂട്ടി ഒന്നും ചെയ്യുന്നില്ല . പിന്നെ നിനക്കറിയാല്ലോ എൻ്റെ കാര്യം " അയാൾ സ്ഥിരം പല്ലവി തുടങ്ങും .
അത് കേൾക്കുമ്പോഴേ അവൻ ഇടക്ക് കയറും " പിന്നെ വേറെ ആരുടെയും പെണ്മക്കൾ വളരുന്നില്ല. വേറെ ആർക്കും ഹൌസിങ് ലോൺ ഇല്ല . വേറെ ആർക്കും ശമ്പളം സമയത്തു കിട്ടാതിരിക്കുന്നില്ല "
"വേണ്ട... ഇനി ഇല്ല . ദേ ഇനി നാല് ദിവസം ഞാൻ ലീവ് എടുത്തു കിടന്നുറങ്ങാൻ പോവുകയാണ് .. നീ രണ്ടു ചായ പറ . രണ്ടു പഴം പൊരീം ". ഒരു കസേര തൻ്റെ അടുത്തേക്ക് അവനു നീക്കിയിട്ടു കൊടുത്തിട്ടു അയാൾ പറഞ്ഞു.
"ഇതു ഞാൻ കുറെ കേട്ടിട്ടുണ്ട് " അവൻ നേരെ നോക്കുന്നില്ല .
" ഇല്ലെടാ .. രണ്ടു ദിവസം അവളുടെ കൂടെ ഇരിക്കണം . പിന്നെ രണ്ടു പേരുടെയും ബ്ലഡ് ഒക്കെ ഒന്ന് ചെക്ക് ചെയ്യണം . നീ പറഞ്ഞ പോലെ ഈ തടി മോശമായോ എന്ന് നോക്കണമല്ലോ .. മാത്രമല്ല ഈയിടെയായി നല്ല ഷീണം ഉണ്ട് . എന്താണെന്നറിയില്ല " ചായ കുടിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു .
" എങ്കി നിങ്ങക്ക് കൊള്ളാം " ചായ കുടിക്കുന്നതിനോടൊപ്പം പഴം പൊരിയെ ടിഷ്യു പേപ്പറിൽ അമർത്തി ക്കൊണ്ട് അവൻ പറഞ്ഞു.
അങ്ങിനെ കിടന്ന് ഓരോന്ന് ഓർക്കുന്നതിന് ഇടയിലാണ് അടുക്കളയിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.
അവൾ വന്നു ഫോൺ എടുത്തു എന്ന് തോന്നുന്നു . റിങ് ചെയ്യുന്നത് നിന്നു .
ആ സമയത്തു തന്നെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അയാൾ കിടന്ന കിടപ്പിൽ ജനലിലൂടെ പുറത്തേക്കു നോക്കി.
കുഞ്ഞു നെ പുറകിൽ ഇരുത്തി ദേ അളിയൻ രമേശൻ ബൈക്ക് ഓടിച്ചു വരുന്നു.
കുഞ്ഞു നെ ഇവൻ എന്തിനാ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ട് വന്നത് ?
ആ ആലോചന യെ തട്ടി മാറ്റി അടുക്കളയിൽ നിന്നും അവളുടെ " എൻ്റെ ദൈവമേ " എന്ന അലർച്ച ഉയർന്നു.
ബൈക്കിൽ നിന്നും ഇറങ്ങി കുഞ്ഞു, മുറിയിലൂടെ " അമ്മേ " എന്ന് വിളിച്ചു കരഞ്ഞു അടുക്കളയിലേക്കു ഓടി പോയി .
തൊട്ടു പിറകെ രമേശനും .
മോളും രമേശനും അയാളെ ഒന്ന് നോക്കുക പോലും ചെയ്യാത്ത പോയത് എന്താണെന്ന് അറിയാനായി അയാൾ ആ കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"നമ്മുടെ അച്ഛൻ പോയി മോളെ " എന്ന അടുക്കളയിൽ നിന്നും ഉയർന്ന അവളുടെ കരച്ചിൽ അയാളെ അരിശം പിടിപ്പിച്ചു.
എഴുന്നേൽക്കൻ കഴിഞ്ഞില്ലെങ്കിലും അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
" എടീ ഞാൻ ഇവിടുണ്ട് ... മോളെ അച്ഛൻ ഇവിടുണ്ട് .."
പക്ഷെ അയാളുടെ ശബ്ദം പുറത്തേക്കു പോയില്ല. അയാളുടെ ചെവിയിലേക്ക് തന്നെ അത് തിരിച്ചു കയറി.
Comments