കഥകൾ
മമ്മാഞ്ഞി മുക്കിലെ ചെറുപഴം
Believe in yourself, Push your limits, Experience life,
Conquer your goals and be happy.
Joel brown.
യാത്രകൾ എല്ലാവരെയും പോലെ എനിക്കും ഇഷ്ട്ടമാണ്. പ്രേതെയ്കിച്ചു കുട്ടുകാരുടെയൊപ്പം. അത് ഫൈനൽ ഇയർ ഡിഗ്രി പഠിക്കുന്ന സമയത്താണെങ്കിലോ പിന്നെ പറയാനില്ല. അങ്ങനെയൊരു യാത്രയുടെ തലേ ദിവസം വെള്ളിയാഴ്ചയിലാണ് ഞാൻ ഇന്ന്.
ഗോശ്രീ പാലങ്ങൾ 2004 ഇൽ തുറക്കുന്നതിനും 11 വർഷം പുറകിൽ ആയതിനാൽ ഞാൻ വൈകീട്ട് 4 നു തന്നെ രാത്രിയിലെ ചോറും കറിയും യാത്രക്കുള്ള ഡ്രെസ്സുകളുമായി വീട്ടിൽ നിന്നും പുറപ്പെട്ട. ശനിയാഴ്ച രാവിലെ 6 മണിക്ക് തേവര കോളേജിൽ നിന്നും പുറപ്പെടുന്ന ബസിൽ കയറണമെങ്കിൽ വൈപ്പിൻ കരക്കാരനായ എനിക്ക് തലേ ദിവസം അവിടെ എത്തിയേ പറ്റൂ. രാത്രി 11 മണി കഴിഞ്ഞാൽ പിന്നെ രാവിലെ 5 മണിക്കേ ഞങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുള്ളൂ. കാരണം അതിനിടയിൽ ബോട്ട് സർവീസ് ഇല്ല.
6 മണിയോടു കൂടി തേവര ഫെറി ‘നവാസിൽ’ കയറി ഞാൻ കോളേജിൽ എത്തി. അപ്പോഴേക്കും രാഗേഷും ഉണ്ണിയും ലിജുവും അവിടെ എത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കോളേജിന്ടെ അയൽവാസിയായ സിബുവും എത്തി.
രാത്രിക്കാഴ്ചയിൽ കോളേജ് കൂടുതൽ സുന്ദരിയായിരുന്നു. പ്രേതെയ്കിച്ചു ലേയ്ക്ക് വ്യൂ. രാത്രിയായാൽ കായലിൽ നിന്നും കോളേജിലേക്ക് വീശുന്ന ഒരു പ്രേത്യേകതരം കാറ്റുണ്ട്. ആ കാറ്റും കൊണ്ട് നിന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്ന് വേണമെങ്കിൽ പറയാം. അത്തരമൊരു നിവിൻ പൊളി അനുഭവത്തിലൂടെ 5 വർഷത്തെ തേവര കോളേജ് ജീവിതത്തിൽ ആദ്യമായി ഞങ്ങൾ കടന്നു പോയി.
8 മണിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചു. അടുത്ത 3 ദിവസത്തെ കാര്യങ്ങൾ പലതും പ്ലാൻ ചെയ്തു. കാരണം 25 പെൺകുട്ടികളാണ് കൂടെയുള്ളത്. ഞങ്ങൾ 8 ആൺകുട്ടികളും. പ്ലാൻ ചെയ്തേ പറ്റൂ.
ഒരു ക്ലാസ് മുറി ഞങ്ങൾക്ക് ഹിന്ദിക്കാരൻ ഗാർഡ് ഒരുക്കി തന്നിരുന്നു. വെളുപ്പിന് എഴുന്നേൽക്കാൻ പാകത്തിൽ ഞങ്ങൾ നേരത്തെ ഉറങ്ങാൻ തയ്യാറെടുത്തു.
പക്ഷെ ഉറങ്ങാൻ സമയമായിട്ടുണ്ടായിരുന്നില്ല.
ടെൻഷൻ അടിക്കുക എന്നത് അന്നും ഇന്നും എൻടെ ഒരു വീക്നെസ്സ് ആണ്. അതിനു പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ട. എന്ത് ആലോചിച്ചും ഞാൻ ഉൽക്കണ്ഠകുലനാകും. അങ്ങനെ ആലോചിക്കാൻ ഒന്നും ഇല്ലെങ്കിൽ പിന്നെ അതോർത്താകും ടെൻഷൻ. ഡോക്ടർ സണ്ണിയുടെ മെഡിക്കൽ ടെമ്സ് കടമെടുത്താൽ ടെൻഷൻ പേഴ്സണാലിറ്റി ഓർ ഉത്കണ്ഠകുലൻ എന്നൊക്കെ പറയാം.
അങ്ങനെ സന്തോഷത്തോടെ ഉറങ്ങാൻ തയ്യാറെടുത്ത കൂട്ടുകാരുടെ മുൻപിലേക്ക് ഞാൻ ആ ഉൽക്കണ്ഠ പങ്കുവച്ചു.
"എടാ 6 മണിക്ക് പോകണമെങ്കിൽ 5.30 നു റെഡി ആവണം. അതിനു ഒരു 4.30 നെങ്കിലും കക്കൂസിൽ പോവണം. ആ സമയത്തു വയറ്റീന്നു പോരുമോ ?"
" ഇവിടെയാണെങ്കിൽ ഒരു ചായ പോലും കിട്ടണമെങ്കിൽ മണി 7 ആകണം ".
അത് കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ആരും ഉത്തരം പറഞ്ഞില്ല.
ഞാൻ അങ്ങനെ ഉത്കണ്ഠപ്പെടുവാൻ കാരണമുണ്ട് .രാവിലെ 6.30 നു എഴുന്നേറ്റു പല്ലുതേച്ചു 7 മണിക്ക് ഒരു കട്ടൻ ചായ കുടിച്ചാലേ എനിക്ക് വയറ്റിൽ നിന്നും ഗ്രീൻ സിഗ്നൽ കിട്ടുകയുള്ളു. അപ്പോൾ പിന്നെ 4.30 നു എഴുന്നേറ്റു ചെന്നാൽ ഒരു ഫലവും ഉണ്ടാവില്ല എന്നുറപ്പ് .
ഒരു മിനിറ്റ് നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരി മാഞ്ഞ മുഖവുമായി രാഗേഷ് പറഞ്ഞു "ചായ കിട്ടിയില്ലെങ്കിൽ പണിയാണ്".
"വെളുപ്പിന് ചായ കിട്ടണമെങ്കിൽ തേവര ജംഗ്ഷൻ വരെ പോകണം. എന്നാലും 5 മണിയാകും പെട്ടിക്കട തുറക്കാൻ". നാട്ടുകാരന്ടെ അറിവ് വച്ച് സിബു പറഞ്ഞു.
" ആ സമയത്തു അവിടെ വരെ നടക്കാനോ ?" ആരോ പറഞ്ഞു .
കൊച്ചി അന്നും പഴയ കൊച്ചിയായിരുന്നെങ്കിലും തേവര അങ്ങനെ ആയിരുന്നില്ല. കോളേജിനടുത്തു രണ്ടുമൂന്നു ബുക്ക് സ്റ്റാൾ ഒഴികെ കടകൾ ഒന്നും ഉണ്ടായിരുന്നില്ല . പിന്നെ കടകൾ ഉണ്ടായിരുന്നത് 10 മിനിറ്റ് നടന്നാൽ എത്തുന്ന തേവര ജംഗ്ഷനും പരിസരത്തുമായിരുന്നു.
" പിന്നെന്താ ഒരു സൊല്യൂഷൻ?" ലിജുവിനും ടെൻഷൻ ആയി എന്നുറപ്പായി.
അല്ല. കുറ്റം പറയാനാവില്ല. കാര്യം നടത്താതെ പോയാൽ വല്ല 8 മണിക്കൊക്കെ മുട്ടിയാൽ ആരോട് പറയും ...നാണക്കേടല്ലേ... പോരാത്തതിന് കൂടെയുള്ളത് HOD ആയ അച്ഛനാണ്. അച്ഛനാണെങ്കിലും മാത്സ് ന്ടെ കാര്യമല്ലാതെ ഒരു കാര്യവും സംസാരിച്ചു ഞാൻ കണ്ടിട്ടില്ല. അങ്ങനെ അധികം സംസാരിക്കുന്ന കൂട്ടത്തിലുമല്ല. ഇക്കാര്യമാണെങ്കിൽ മാത്സുമായി പുല്ലബന്ധം പോലും ഇല്ലാത്തതിനാൽ എങ്ങനെ പറയും. അതും കൂടെ അത്രയും പെൺകുട്ടികൾ ഉള്ളപ്പോൾ. ആർക്കായാലും ടെൻഷൻ ആവും.
"നമുക്ക് ചെറുപഴം ഒന്ന് try ചെയ്താലോ" കുറച്ചു നേരത്തെ മൗനത്തിനു ശേഷം രാഗേഷ് പ്രായോഗിക ബുദ്ധിയുടെ വെളിച്ചത്തിൽ ഒരു ആത്മഗതം പോലെ പറഞ്ഞു.
"അത് കൊള്ളാം" എന്ന് സിബു പിന്താങ്ങിയതോടെ എല്ലാവരുടെയും മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞു.
"എട്ടരയ്ക്ക് കട പുട്ടും. വേഗം ചെന്നാൽ ചിലപ്പോ കിട്ടും. മമ്മാഞ്ഞി മുക്കിലുണ്ട് ". സിബു ചാടി എഴുന്നേറ്റു. കൂടെ ഞങ്ങളും.
ഒരു പിടിവള്ളി കിട്ടിയപോലെ ഞങ്ങൾ കട പൂട്ടുന്നതിനു മുൻപ് എത്താനായി പാഞ്ഞു. മുൻപിൽ സൈക്കിളിൽ സിബു പറന്നു.
ഞങ്ങൾ നാല് പേർ അവിടെ എത്തിയപ്പോൾ കടക്കാരൻ ഞങ്ങളെ നോക്കി നിൽക്കുന്നു. കട പൂട്ടാൻ, താഴ്ത്താൻ തുടങ്ങിയ ഷട്ടറിനു കുറുകെ സിബുവും. പക്ഷെ എന്ടെ കണ്ണുടക്കിയത് അകത്തു തൂങ്ങി കിടക്കുന്ന കുലയിലായിരുന്നു. 100 വാട്ട് ഫിലമെന്റ് വെളിച്ചത്തിൽ മഞ്ഞപ്പിൽ മുങ്ങി കിടക്കുകയാണവൾ.
"എന്താ വേണ്ടത്?" എന്ന കടക്കാരന്ടെ ചോദ്യത്തിന് "5 പേർക്ക് 2 പഴം വച്ച് 10 പഴം, അപ്പൊ 1 കിലോ മതിയാകും" എന്ന് മനസ്സിൽ കണക്കു കൂട്ടി "ചേട്ടാ ഒരു കിലോ ചെറുപഴം" എന്ന് പറയാൻ നാവെടുത്ത എന്നെ തോൽപ്പിച്ചു കളഞ്ഞു കൊണ്ട് 50 രൂപ കടക്കാരന് നേരെ കൊടുത്തു കൊണ്ട് ലിജു പറഞ്ഞു "ചേട്ടാ ഒരു രണ്ടു കിലോ ചെറുപഴം".
അത് വരെ ഒന്നും മിണ്ടാതെ കൂടെ നടന്നിരുന്ന ഉണ്ണി ചെറുപഴപ്പൊതി വാങ്ങി ഞങ്ങളുടെ മുൻപിലായി കോളേജിലേക്ക് നടന്നു. അതോടെ എനിക്കുറപ്പായി. ഈ പ്രശ്നത്തിൽ ഞാൻ ഒറ്റയ്ക്കല്ല . ഞങ്ങൾ അഞ്ചു പേരും ഉത്കണ്ഠകുലരാണ് .
കോളേജിൽ എത്തി ഉടൻ ചെറുപഴം അകത്താക്കി. രണ്ടു കിലോ പഴം ഉണ്ടായിരുന്നതിനാൽ ഓരോരുത്തരും അഞ്ചും ആറും വീതം. രാത്രി ഭക്ഷണം കഴിഞ്ഞതിനാൽ ഇതു കൂടെ ചെന്നപ്പോൾ പാമ്പ് ഇര വിഴുങ്ങിയ പോലെ ആയി.
പിന്നെ ഉറങ്ങാൻ കിടന്നു. ഇടയ്ക്കിടെ വാച്ചിൽ നോക്കി കൊണ്ടുള്ള ഉറക്കം. നോക്കി നോക്കി രാവിലെ 4 മണിയാക്കി. എഴുന്നേറ്റു പല്ലുതേച്ചു. പ്രഭാത കർമ്മങ്ങൾക്കായി ഞങ്ങൾ 4 പേർ അടുത്തുള്ള കോളേജ് ഹോസ്റ്റലിലേക്ക് നടന്നു. സിബു ഇക്കാര്യങ്ങൾ നടത്താൻ സൈക്കിളിലിൽ വീട്ടിലേക്കു പോയിരുന്നു. വയറ്റിൽ നിന്നും സിഗ്നൽ ഒന്നും ലഭിക്കാത്തതിനാൽ ഫുട്ബാൾ മത്സരത്തിന് മുൻപ് കളിക്കാർ വാം അപ്പ് നടത്തുന്നതുപോലെ നേരെ ഓടി, സൈഡിലേക്ക് ഓടി, ഒന്ന് ചാടി, പിന്നെ ഒന്ന് ശരീരം ഇളക്കിയൊക്കെയാണ് ഞങ്ങളുടെ നടത്തം. ടോയ്ലറ്റ് ബ്ലോക്കിൽ എത്തി, നിര നിരയായി പണിതിട്ടിരിക്കുന്ന കക്കൂസുകളിൽ 4 എണ്ണത്തിലേക്കു ഞങ്ങൾ 4 പേരും കയറി.
മനസ്സ് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ശരീരത്തിന് മറിച്ചു ചിന്തിക്കാൻ വയ്യാത്തത് കൊണ്ടാവും ഞങ്ങൾ പത്തു പതിനഞ്ചു മിനിറ്റുകൾക്കുശേഷം വിജയശ്രീലാളിതനായി പുറത്തിറങ്ങി.
അതോടെ എട്ടു മണിക്കൂർ നീണ്ടു നിന്ന ടെൻഷൻ അവസാനിപ്പിച്ച് കൊണ്ട് ഞങ്ങൾ സമാധാനത്തോടെ യാത്രയ്ക്ക് റെഡി ആയി. 5.30 നു തന്നെ മുറി പൂട്ടി പുറത്തിറങ്ങി. അപ്പോഴേക്കും സിബുവും റെഡിയായി വന്നിരുന്നു. അവന്ടെ ചിരി കണ്ടപ്പോൾ തന്നെ അവന്ടെ കാര്യങ്ങൾ ശുഭമായി എന്ന് ഞങ്ങൾക്കുറപ്പായി.
യാത്രയ്ക്കായി ഞങ്ങൾ സന്തോഷത്തോടെ വണ്ടിയിലേക്ക് കയറിയതോടെ, ചെറുപഴചരിതം ഇവിടെ അവസാനിക്കുന്നു.
കുറിപ്പ്:
പിന്നീട് പലപ്പോഴും പല യാത്രകൾക്ക് മുൻപും ഞാൻ ചെറുപഴം ട്രൈ ചെയ്തിട്ടുണ്ടെങ്കിലും മമ്മാഞ്ഞി മുക്കിലെ ചെറുപഴത്തിന്ടെ എഫ്ഫക്റ്റ് പിന്നീട് കിട്ടിയിട്ടില്ല.
--------------------------------------------------------------------------------
ഇംഗ്ലീഷ്
ഇതൊരു സാങ്കൽപ്പിക കഥയല്ല.
വര്ഷങ്ങളായി യാതൊരു ടെൻഷനും ഇല്ലാതെ ഉറങ്ങാൻ കിടക്കുന്ന അപൂർവ്വം രാത്രികളിൽ ആലോചിക്കുവാൻ വീണ്ടും വീണ്ടും എന്ടെ തലയിലേക്ക് ഓടിക്കേറി വരുന്നത് .
28 വർഷം പുറകിലേക്ക് ...
1992. ഞാറക്കൽ.
ഞാൻ ഡിഗ്രിക്കു പഠിക്കുന്ന സമയം.
വിഷമദ്യദുരന്തത്തിനു ശേഷം വൈപ്പിന്കരയുടെ ചീത്തപ്പേര് മാറ്റിയെടുക്കാൻ സഹായിച്ച ഒരാൾ, ഞാറക്കലിൽ അക്കാലത്തുണ്ടായിരുന്നു. ഡോക്ടർ ജയകുമാർ. തിരക്ക് മൂലം രാത്രിയും പകലും വ്യത്യാസമില്ലാതെ കോൺസൾറ്റഷൻ നടത്തിയിരുന്ന, കേരളത്തിൽ നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരെ രോഗികൾ കാണാൻ എത്തിയിരുന്ന ഹോമിയോ ഡോക്ടർ.
എട്ടൊമ്പതു വയസ്സുതൊട്ട് എന്നോടൊപ്പം കൂടിയ ഒന്നായിരുന്നു എന്ടെ ചുമ. ചുമയെന്നു പറഞ്ഞാൽ ഇന്നത്തെ ഡോൾബി സ്റ്റൈലിൽ നല്ല ഘന ഗംഭീരൻ. വന്നു കഴിഞ്ഞാൽ മുന്ന് നാലു ദിവസം കൂടെ ഉണ്ടാകും. പിന്നെ വരാനും പ്രത്യേക കാരണമൊന്നും വേണ്ട. അൽപ്പം തണുപ്പ് മാത്രം മതി. അതിനാൽ തന്നെ ഞാനും ഡോക്ടറുടെ ഒരു സ്ഥിരം രോഗിയായിരുന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷം ഡോക്ടറുടെ മരുന്ന് കഴിച്ചുകൊണ്ടിരിക്കെ എന്ടെ ചുമ എന്നിൽ നിന്നും വിട്ടു പോയി. എന്നോടുള്ള കൂട്ടു മതിയാക്കി പോയതാണോ അതോ ഡോകടർ ഓടിച്ചതാണോ എന്നറിയില്ല. എന്നാലും ആ ക്രെഡിറ്റ് ഞാൻ ഡോക്ടർക്കാണ് കൊടുത്തിട്ടുള്ളത്. കാരണം എനിക്ക് അദ്ദേഹത്തെ ഇഷ്ട്ടമായിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഞാൻ കോളേജിൽ നിന്നും വന്നപ്പോൾ ചുമയും കൂടെയുണ്ടായിരുന്നു.വീട്ടിൽ എത്തിയ ഉടനെ ഞാൻ ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്കു പോയി. അവിടെ എത്തിയപ്പോൾ ഏഴു മണി ആയതിനാൽ കിട്ടിയത് ലാസ്റ്റ് നമ്പർ. അവിടത്തെ രീതി അനുസരിച്ചു നമ്പർ കിട്ടിയാൽ ആദ്യം അന്വേഷിക്കുക അപ്പോൾ കയറിയിട്ടുള്ള രോഗിയുടെ നമ്പർ ആയിരിക്കും. ആ നമ്പറും നമുക്ക് കിട്ടിയ നമ്പറും തമ്മിലുള്ള വ്യത്യാസം എടുത്തു ഒരു മണിക്കൂറിൽ ഇരുപതു വച്ച് കുട്ടിയാൽ ഡോക്ടറെ കാണാനുള്ള നമ്മുടെ നേരം മനസ്സിൽ തെളിഞ്ഞു വരും. അങ്ങനെ എനിക്കന്നു തെളിഞ്ഞ സമയം രാത്രി പതിനൊന്നായിരുന്നു.
അപ്പച്ചൻ അന്ന് വിശാഖപട്ടണത്ത് ജോലി ചെയ്യുന്നതിനാൽ വീട്ടിൽ ഞാനും അമ്മച്ചിയും രണ്ടു അനിയത്തിമാരും മാത്രം. അതിനാൽ രാത്രി വൈകി പുറത്തു വിടാൻ അമ്മച്ചിക്ക് പേടി. ഞാൻ അസാമാന്യ ധൈര്യം ഭാവിച്ചതുകൊണ്ടു അവസാനം സമ്മതം കിട്ടി. അങ്ങനെ പത്തുമണിയോടെ വീണ്ടും ഞാൻ ക്ലിനിക്കിൽ എത്തി.
പക്ഷെ അവിടെ അപ്രതീക്ഷിതമായ ഒന്ന് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ ഡോക്ടർ പിന്നെ വന്നത് രണ്ടു മണിക്കൂർ കഴിഞ്ഞിട്ട്. അതോടെ എന്ടെ കണക്കുകൂട്ടൽ തെറ്റി. ഞാൻ ഡോക്ടറെ കണ്ടിറങ്ങിയത് രാത്രി ഒരു മണിക്ക്. പിന്നെ മരുന്ന് കിട്ടാനുള്ള കാത്തിരിപ്പ്. സമയം വൈകിയതോടെ എന്ടെ ധൈര്യമെല്ലാം ചോർന്നു. ആകെയുണ്ടായിരുന്ന പ്രതീക്ഷയായ സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന ആളുകളും റോഡിൽനിന്നും മാഞ്ഞു.
അപ്പോഴും ഒരു ചെറിയ ആശ്വാസം എനിക്ക് തൊട്ടുമുന്പിൽ മരുന്ന് വാങ്ങാനായി പെരുമ്പിള്ളിയിൽ ഉള്ള പരിചയമുള്ള ഒരു മാഷ് ഉണ്ടെന്നുള്ളതായിരുന്നു. അങ്ങനെ കാത്തിരുന്ന് മാഷിന് മരുന്ന് കിട്ടി. ഇറങ്ങാൻ നേരം “കൂട്ടു നിൽക്കണോ?” എന്ന ചോദ്യത്തിന് ഞാൻ വേണ്ട എന്ന് മാഷിനോട് മറുപടി പറഞ്ഞെങ്കിലും എന്ടെ മനസ്സിൽ മറ്റൊരു കണക്കു കുട്ടലായിരുന്നു. പ്രായമായ മാഷ് സൈക്കിൾ പൈയ്യേ എടുത്തു ചവുട്ടി പോകുന്നതിനൊപ്പം, സ്പീഡിൽ ചവുട്ടിയാൽ എനിക്കെത്താം എന്നതായിരുന്നു അത്. പക്ഷേ ആ ചോദ്യം, മാഷിനൊരു കൂട്ടിനു കൂടിയായിരുന്നു എന്ന് മാഷിന്റെ ശരവേഗത്തിലുള്ള പോക്ക് കണ്ടപ്പോൾ എനിക്ക് മനസിലായി. അനിവാര്യമായതു സംഭവിക്കാനായിരിക്കാം എനിക്ക് മരുന്ന് കിട്ടിയത് പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞ്.
അടുത്ത ദിവസത്തേക്കുള്ള നമ്പർ എടുക്കാനായി വരിയായി കിടക്കുന്ന ആളുകളുടെ ഇടയിലൂടെ ഞാൻ ക്ലിനിക്കിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മണി ഒന്നര.
ക്ലിനിക്കിൽ നിന്നും വീട്ടിലേക്കു രണ്ടു വഴി. ഒന്ന് മില്ല് വഴി. ജനവാസമുള്ള അതിലൂടെയേ പകൽ ആളുകൾ നടക്കു. പക്ഷെ രാത്രിയായാൽ വെളിച്ചം ഇല്ലാത്തതിനാൽ ഞാൻ കോൺവെന്റ് വഴിക്കു പോകുവാൻ തീരുമാനിച്ചു. അവിടെയാകുമ്പോൾ കോൺവെന്റിലെ വെളിച്ചം ഉണ്ടാകും. രാത്രി പുറത്തു പോകുമ്പോൾ യക്ഷികളെ കുറിച്ചുള്ള ഭയം എനിക്ക് കുടെയുള്ളതാണ്.കോൺവെന്റ് അടുത്തുള്ളപ്പോൾ അതിനൊരു ആശ്വാസം ഉണ്ടാകുമല്ലോ എന്ന ചിന്തയും ഉണ്ട്.
അങ്ങിനെ ഇടക്ക് പുറകിൽ വല്ല യക്ഷിയും ഉണ്ടോ എന്ന് ഇടം കണ്ണ് കൊണ്ട് നോക്കി കൊണ്ട് ഞാൻ സൈക്കിൾ പറപ്പിച്ചു.ഞാൻ ഹോസ്പിറ്റലിന് കിഴക്കു വശത്തുള്ള നാലും കൂടിയ മുലയിലേക്ക് അടുത്തു. ഹോസ്പിറ്റലിൽ നിന്നുള്ള അരണ്ട വെളിച്ചം ഒഴിച്ചാൽ കൂരിരുട്ട്. മുൻപിൽ എനിക്കൊന്നും കാണുവാൻ കഴിയുന്നില്ലെങ്കിലും ചെറിയൊരു പ്രകാശം എന്ടെ പുറകിലെ റോഡിൽ ഉള്ളതിനാൽ എതിരെ ആരെങ്കിലും വന്നാൽ എന്നെ കാണുവാൻ കഴിയും. അതായിരുന്നു പ്രതീക്ഷ.
പെട്ടെന്ന് കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് നല്ല ചൂടുള്ള ഒരു കൈ എന്റെ വലതു കൈത്തണ്ടയിൽ പിടിച്ചു. സൈക്കിൾ ബ്രേക്ക് പിടിച്ചു ഞാൻ നിർത്തി. കൈയിൽ പിടിച്ചതല്ലാതെ എന്റെ വലതു വശത്തായി നിൽക്കുന്ന ആ രൂപം ഒന്നും മിണ്ടുന്നില്ല. എന്ടെ ചോര മരവിച്ചു. അതോടെ രക്ഷപ്പെടുവാനുള്ള വ്യഗ്രതയിൽ അബോധ മനസ്സിൽ നിന്നും വന്ന ആ വാചകം ഞാൻ ഉറക്കെ പറഞ്ഞു.
"I AM SORRY"
ആ പാതിരാത്രിയിൽ ആ വിജനതയിൽ വാവിട്ടു കരയുന്നതിനു പകരം അബോധ മനസ്സിൽ നിന്നും ആ ഇംഗ്ലീഷ് വാക്ക് വന്നതിനും കാരണമുണ്ട്. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മാത്രം ക്ലാസ്സിൽ പറയുന്ന കോളേജ് പീരിയഡ്കളിലേക്ക് വലിച്ചെറിയപ്പെട്ടത് മുതൽ ഇംഗ്ലീഷ് എനിക്ക് ഒരു ഹരമായിരുന്നു. അത് കേൾക്കാൻ മാത്രമായി ശ്രീധർ തീയേറ്റർലെ ആളൊഴിഞ്ഞ കസേരകൾക്കു ഞാൻ പലപ്പോഴും കൂട്ടിരിക്കുമായിരുന്നു. അങ്ങനെ കിട്ടിയ ഇംഗ്ലീഷ് പ്രയോഗിക്കുവാനായി ആ അവസരം എന്ടെ അബോധ മനസ്സ് പ്രയോജനപ്പെടുത്തുകയായിരുന്നു എന്നതാണ് സത്യം. ഏതായാലും അത് ഏറ്റു. എന്ടെ കൈത്തണ്ടയിലെ പിടുത്തം ആ കറുത്ത അവ്യക്തമായ രൂപം വിട്ടു. അതോടെ എല്ലാ കരുത്തും വലതു കാലിലേക്ക് ആവാഹിച്ചു പെഡൽ ഞാൻ ചവിട്ടി. സൈക്കിൾ പറന്നു. വീട്ടിലെത്തിയ ഞാൻ, കാത്തിരുന്ന അമ്മച്ചിയോടു പോലും ഒന്നും പറയാതെ മുറിയിൽ കയറി കട്ടിലിൽ വീണു.
ഞാൻ ആലോചിക്കാൻ തുടങ്ങി. ആരായിരുന്നു ആ രൂപം ? ഞാൻ വരുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞിട്ടും എന്തിനാണത് റോഡിനിടെ നടുവിൽ നിന്ന് എന്ടെ കൈയിൽ പിടിച്ചത് ? ഇനി വല്ല യക്ഷിയും ? പിന്നെ എന്തിനാണ് കൈയിലെ പിടി വിട്ട് എന്നെ സ്വതന്ത്രനാക്കിയത് ? അവസാനിക്കാത്ത ചോദ്യങ്ങളുമായി ഞാൻ അലയുന്നു കഴിഞ്ഞ ഇരുപത്തി എട്ടു വര്ഷങ്ങളായി.
പക്ഷെ ഇപ്പോൾ എനിയ്ക്കു ചിലതു വ്യക്തമാകുന്നു. എന്നെ തടഞ്ഞു നിർത്തിയത് ആരായിരുന്നെങ്കിലും ഉദ്ദേശം എന്ത് തന്നെ ആയിരുന്നെങ്കിലും അവർക്കും എന്നെപ്പോലെ ഇംഗ്ലീഷിനോട് ഭ്രമം തോന്നിയിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ടായിരിക്കാം, അതുകൊണ്ടു മാത്രമായിരിക്കാം ആ അർദ്ധരാത്രിയിലും ഇംഗ്ലീഷ് പറഞ്ഞ എന്നെ ആ രൂപം വെറുതെ വിട്ടത്.
അല്ലാതെ വേറെ ഒരു കാരണവും ..............
അല്ല ഇനി വല്ല യക്ഷിയും ....
ഞാൻ ഉറക്കമില്ലാതെ കിടന്നു.
ഉണ്ണീടെ നായ
എന്തൊരു തണുപ്പാണിത്.
ഇതു വരെ അമ്മയുടെ ചുടു ഏറ്റു കിടക്കുമ്പോളൊന്നും തണുപ്പ് അറിഞ്ഞിരുന്നതേ ഇല്ല.
ചുറ്റുമുള്ളതെല്ലാം പുറകിലേക്ക് പോകുന്നത് നോക്കി അവൻ കിടന്നു.
കാർ ഓടിക്കുന്നതിനിടെ, ഉണ്ണി പുറകിൽ ടവൽ വിരിച്ചു കിടത്തിയിരുന്ന പട്ടിക്കുട്ടിയുടെ തലയിൽ ഇടതു കൈ നീട്ടി തലോടി വിളിച്ചു, “ബോബീ....”
അത് തന്നെയാണ് വിളിക്കുന്നതെന്ന് മനസിലായില്ലെങ്കിലും, ആ വിളിയിലും തലോടലിലും അവനൊരു സുഖം തോന്നി. അവൻ അമ്മയെ ഓർത്തു കണ്ണടച്ച് കിടന്നു.
കാര് ഗേറ്റ് കടന്നു പോർച്ചിൽ നിന്നു. ഉണ്ണി കാറിൽ നിന്നും ഇറങ്ങി പുറകിലെ സീറ്റിൽ തുണിയിൽ ചുരുണ്ടു കിടക്കുകയായിരുന്ന പട്ടികുട്ടിയെയും, അടുത്തു വച്ചിരുന്ന പാൽക്കുപ്പിയും കൈയിൽ വാരിയെടുത്തു.
അവൻ പട്ടിക്കൂടിനടുത്തേക്കു നടക്കുന്നതിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന ജോസേട്ടൻ വിളിച്ചു ചോദിച്ചു.
"ആ... ഉണ്ണി പുതിയ പട്ടിക്കുട്ടിയെ വാങ്ങിയോ...ഏതാ ഇനം ....?"
"അൾസേഷ്യൻ .." ഉണ്ണി മറുപടി പറഞ്ഞു.
“ഇതിനൊക്കെ ഇടക്ക് എല്ലും മുട്ടിയുമൊക്ക കൊടുക്കണം ...” അതും പറഞ്ഞിട്ടയാൾ നടന്നു പോയി.
എന്റെ പട്ടികുട്ടിക്കു ഞാൻ എനിക്ക് ഇഷ്ടമുള്ളത് കൊടുക്കും . താനാരാ അത് പറയാൻ... ഉണ്ണി മനസിൽ പറഞ്ഞു.
കഴുകി വൃത്തിയാക്കിയ കൂട്ടിൽ, പട്ടികുട്ടിയെ പൂട്ടിയിട്ടു ഉണ്ണി വീട്ടിനകത്തു പോയി ഒരു പാത്രത്തിൽ കുറച്ചു ചോറും അവിയലുമായി വന്നു. ഒരു പാത്രത്തിൽ പാലും ... എന്നിട്ട് പറഞ്ഞു..." ഉം... ... കഴിച്ചോ "
ഉണ്ണി വീട്ടിലേക്കു പോയപ്പോൾ ബോബി ആലോചിക്കാൻ തുടങ്ങി ...
എന്തായിരിക്കും അയാൾ പറഞ്ഞ എല്ലും മുട്ടിയും ?
വിശന്നപ്പോൾ അവൻ ഉണ്ണി കൊണ്ട് വന്നു വച്ച പാലു കുടിക്കാൻ തുടങ്ങി. അവനു അപ്പോൾ തന്ടെ അമ്മയെ ഓർമ്മ വന്നു. അവൻ സങ്കടം കൊണ്ട് വീണ്ടും അവിടെ ചുരുണ്ടു കിടന്നു.
വൈകീട്ടായപ്പോൾ ഉണ്ണി അവനു ദോശയും ഗ്ളൂക്കോസ് ബിസ്ക്കറ്റും കൊണ്ടുവന്നു കൊടുത്തു. പതിയെ പതിയെ, വിശന്നപ്പോൾ അവൻ എല്ലാം കഴിക്കാൻ തുടങ്ങി. അങ്ങനെ ഉണ്ണി കൊടുക്കുന്നതെല്ലാം അവൻ ഇഷ്ടപ്പെടാനും തുടങ്ങി.
ചോക്ലേറ്റ് ബിസ്ക്കറ്റ്, പഴം, ഉപ്പുമാവ് , ഹോര്ലിക്സ് , കഞ്ഞി , പയർ, അങ്ങനെ ഉണ്ണി കഴിക്കുന്നതെല്ലാം ബോബിയും കഴിച്ചു.
ആഴ്ച്ചകൾ, മാസങ്ങൾ
കടന്നു പോയി... ബോബി നല്ലൊരു നായയായി വളർന്നു.
അവൻ ഉച്ചത്തിൽ കുരക്കാൻ പഠിച്ചു. മതിലിനുള്ളിലെ പറമ്പിലൂടെ വേഗത്തിൽ ഓടാൻ
പഠിച്ചു.
പക്ഷേ എവിടെയോ എന്തോ ഒരു കുഴപ്പം ഉള്ളതായി അവനു തോന്നി.
കുരക്കൊന്നും ഒരു എടുപ്പില്ല . കുറച്ചു ഓടുമ്പോൾ തന്നെ തളർന്നു പോകുന്നു.
അതിനിടയിലാണ് ഗേറ്റിനു പുറത്തൂടെ പോയ ഒരു നാടൻ നായ അവനെ വെജിറ്റേറിയൻ എന്ന് പറഞ്ഞു കളിയാക്കി കുരച്ചത്. അത് കേട്ട് വന്ന മറ്റൊരുത്തൻ തിരുത്തി . “അല്ലേടാ അവൻ വീഗാനാ”. എന്നിട്ടവർ കളിയാക്കി കുരച്ചു കൊണ്ടു റോഡിലൂടെ ഓടിപ്പോയി.
തന്നെ കളിയാക്കിയ കാര്യം അവനു മനസിലായില്ലെങ്കിലും അവനു ദേഷ്യം വന്നു. അവർക്കൊരു കടി കൊടുക്കാൻ മതിൽ ചാടാൻ നോക്കിയെങ്കിലും ശരീരം ഉയർന്നില്ല. അവൻ കിതച്ചു കൊണ്ട് അവിടെ തന്നെ നിന്നു.
എന്തോ പ്രശ്നം ഉണ്ടെന്നു അവനു മനസിലായി. മനസെത്തുന്നിടത്തു ശരീരം എത്തുന്നില്ല. പക്ഷെ അവനു ഒരു എത്തും പിടിയും കിട്ടിയില്ല .
വൈകിട്ട് വെറുതെ കൂട്ടിൽ കിടന്നപ്പോൾ ഒരു ഗന്ധം അവന്ടെ മൂക്കിലേക്ക് കയറിവന്നു. അത് തലയിലെത്തിയതോടെ അവനൊരു ഉന്മാദമുണ്ടായി. അവന്ടെ ഹൃദയം പട പടെ എന്നടിക്കുവാൻ തുടങ്ങി. സിരകളിലുടെ രക്തം കുതിച്ചൊഴുകി. എങ്ങിനെയെങ്കിലും ആ ഗന്ധത്തിന്റെ ഉറവിടം കാണാനും അത് കടിച്ചു പറിക്കാനും മനസ്സ് പറഞ്ഞു . കൂട്ടിൽ ഉറക്കെ കുരച്ചു കൊണ്ട് അവൻ വട്ടം കറങ്ങി.
"ഈ ബോബിക്ക് എന്ത് പറ്റി ? " ഉണ്ണി വീട്ടിൽ നിന്ന് ഉറക്കെ ചോദിച്ചു. " ഓഹ് അതാ അപ്പുറത്തു നിന്നും ഉണക്ക മീൻ വറുക്കണ മണം കേട്ടാവും " ഉണ്ണീടമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
കുരക്കലിനിടയിലും അവൻ ആ വാക്ക് കേട്ടു. "ഉണക്കമീൻ". ഇനി ഇതായിരിക്കുമോ അന്നയാൾ പറഞ്ഞ എല്ലും മുട്ടിയും ? ഇനി അത് കഴിക്കാത്തത് കൊണ്ടാണോ തന്നെ അവർ വീഗൻ എന്ന് ആക്ഷേപിച്ചത് . ഇനി അതാണോ തന്നെ കരുത്തില്ലായ്മക്കു കാരണം ? അവന്ടെ തല ചിന്തകൾ കൊണ്ട് നിറഞ്ഞു.
ചിന്തകളുടെ ഭാരം കാരണം അവൻ അന്ന് വേഗം ഉറങ്ങി.
പിറ്റേന്ന് രാവിലെ ഉണ്ണി വന്നു അവനെ പ്രഭാതകൃതങ്ങൾക്കായി റോഡിലേക്ക് കൊണ്ടുപോയി. തന്നെ കളിയാക്കിയ നായകളെ അവിടെ കണ്ടിട്ടും അവൻ കൂസലില്ലാതെ നടന്നു.
അറവു ശാലയിൽ നിന്നുള്ള അവശിഷ്ടങ്ങളുമായി ഒരു വണ്ടി അവരെ കടന്നു പോയി.
പെട്ടെന്ന് അവനെ ഞെട്ടിച്ചു കൊണ്ട്, കാരണമില്ലാതെ ഉന്മത്തനാക്കി കൊണ്ട് അന്തരീക്ഷമാകെ ഒരു ഗന്ധം നിറഞ്ഞു.
കടന്നു പോയ വണ്ടിയിൽ നിന്നും തെറിച്ചു വീണ എന്തോ തന്നെ കളിയാക്കിയ നായ്ക്കൾ കടിച്ചു പറിക്കുന്നതായി അവൻ കണ്ടു.
അവന്ടെ തലച്ചോറിൽ വെള്ളിടി വെട്ടി. ഇതാണ് എല്ലിൻമുട്ടി. തന്നെ ഒരു കഴിവുകെട്ടവനാക്കി ഇത്രയും നാളും അകന്നു നിന്ന ഭക്ഷണം. അത് തനിക്കു വേണം. അവൻ കഴുത്തിലെ പിടി വിടുവിച്ചു ഓടാൻ കുതറി. വിടാതായപ്പാൾ കുരച്ചു കൊണ്ട് പലവട്ടം ഉണ്ണിയെ വട്ടം ചുറ്റി.
"ബോബി, ബോബി .... എന്ത് പറ്റി നിനക്ക് ? " ഉണ്ണി അവനെ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു.
അവൻ അപ്പോഴേക്കും തളർന്നിരുന്നു. നിസ്സഹായനായി തിരിഞ്ഞു നോക്കി കൊണ്ട് അവൻ ഉണ്ണിയുടെ ഒപ്പം നടന്നു.
പക്ഷെ ആ ഗന്ധം അവനെ വിട്ടിരുന്നില്ല..
അത് കുടെയുള്ളതായി അവനു തോന്നി .
അതെ... അത് അടുത്ത് ഇവിടെയുണ്ട്. താൻ ഇത്രയും നാൾ കൊതിയോടെ കാത്തിരുന്നത് തന്ടെ മുന്പിലുണ്ട്.
അവനു പിന്നെ കാത്തു നിൽക്കാനായില്ല.
മടക്കി കുത്തിയ മുണ്ടിനു താഴേ ദൃശ്യമായ ഉണ്ണിയുടെ തുടയിലേക്ക് അവന്ടെ പല്ലുകൾ ഇറങ്ങി.
---------------------------------------------------------------------------------------------------------------------------
മാസ്ക്ക്
“നിനക്കൊരു മാസ്ക്ക് വയ്ക്കാമായിരുന്നില്ലേ? അല്ലെങ്കിൽ ആ കൈയ്യൊന്ന് കഴുകാമായിരുന്നില്ലേ?”
“എന്തുട്ടാ ദൈവമീ പറേണത്? മാസ്ക്ക് ഉണ്ടാരുന്നു. കൈയ്യും ഓരോ ട്രിപ്പു കഴിയുമ്പോഴും കഴുകായിരുന്നു”.
“പിന്നെ നിനക്കെങ്ങനെ കൊറോണ കിട്ടി?” ദൈവം തല ചൊറിഞ്ഞു.
“എന്റെ ദൈവമേ വണ്ടിയിൽ 75 പേരുണ്ടാര്ന്ന് . അടുത്തു നിന്ന ഒരുത്തൻ തുമ്മിയത് എന്റെ മുഖത്തേക്കാ ദൈവമേ . ട്രിപ്പ് കഴിഞ്ഞ് ഓടി ചെന്ന് കഴുകിയപോഴേക്കും അരമണിക്കൂർ ആയിരുന്നു അതാ “.
“ഒരു വണ്ടിയിൽ 75 പേരോ? അതും ഇപ്പോ? അല്ല .... എന്താ നിന്റെ പണി?” ദൈവത്തിന്റെ മുഖത്ത് കൗതുകം.
“ട്രാൻസ്പോർട്ട് ബസ്സിലാ ... കണ്ടക്ടർ” . ഞാൻ പറഞ്ഞു.
“എന്റെ കാലാ ...... തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ.... അവിടന്ന് ആളെ വേണ്ടന്ന് കഴിഞ്ഞ ആഡിറ്റിങ്ങിൽ പറഞ്ഞതല്ലേ ......” പുറകിൽ നിന്ന കാലനെ ദൈവം ദേഷ്യത്തോടെ നോക്കി.
“അതു പിന്നെ കൊറോണ ക്വാട്ടാ ...... “ കാലൻ മീശയിൽ തടവി തലകുനിച്ചു നിന്നു .
“എടോ അവിടെ ശമ്പളമില്ല .... ജോലി ഭാരം ..... എന്നൊക്കെ പറഞ്ഞ് ആത്മഹത്യ ചെയ്തവരെ താനല്ലേ ഇങ്ങോട്ട് കൊണ്ടുവരുന്നത്? പിന്നെ അപകടങ്ങൾ വേറെ......”
“ആട്ടെ ഇവനെ എവിടുന്നാ കിട്ടിയത്?..” ദൈവം അസ്വസ്ഥതയോടെ ചോദിച്ചു.
“ഇവനാ ബസ്സിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. ഡ്യൂട്ടിക്കു പോവാൻ എഴുന്നേറ്റപ്പോഴാ ഞാൻ പൊക്കിയത്”. കാലൻ പറഞ്ഞു.
“ഇവന്റെ ഡ്യൂട്ടി തുടങ്ങാറായോ? “
കാലൻ തന്റെ വാച്ചു നോക്കി യിട്ടു പറഞ്ഞു. “ഇല്ല. അര മണിക്കൂർ ഉണ്ട് . 4.30 ആയിട്ടുള്ളു.”
“എന്നാൽ വേഗം ഇവനെ തിരികെ കൊണ്ടു വിട്ടേക്കു.” ദൈവം കാലനോട് പറഞ്ഞു. “ പിന്നെ Break the chain.”
പുറപ്പെടാൻ തുടങ്ങിയ കാലന് ദൈവം അവസാനം പറഞ്ഞത് മനസ്സിലായില്ല.
“ എടോ കൈ കഴുകാൻ ......” ദൈവം ദൈന്യതയോടെ കാലനെ നോക്കി.
എന്നിട്ട് ചിരിച്ചു കൊണ്ട് ഞങ്ങളെ യാത്രയാക്കി.
----------------------------------------------------------------------------------------------------------------------------
അവൾ
നല്ല വിശപ്പ്.
അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയത് മുതൽ തുടങ്ങിയതാണ്.
വേഗം വീട്ടിലെത്തി എന്തെങ്കിലും കാര്യമായി കഴിക്കണം
ഞാൻ നടത്തത്തിനു വേഗത കുട്ടി.
“എടാ ഒന്ന് നിൽക്കെടാ..” പുറകിൽ നിന്നുള്ള വിളി തിരിച്ചറിഞ്ഞു ഞാൻ തിരിഞ്ഞു.
“ഓ ശശിയോ. നീ എന്നെത്തി ?”
“രണ്ടു ദിവസമായി.”
“പിന്നെ സുഖം ? ഫാമിലി ?” ഞാൻ നടന്നു കൊണ്ട് ചോദിച്ചു.
“എന്ത് സുഖം. എല്ലാവരും അങ്ങനെ കഴിഞ്ഞു പോകുന്നു.” അവൻ തിടുക്കത്തിൽ എന്റെ ഒപ്പം എത്താനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
അറബി നാട്ടിലെ ജീവിതം അവന്ടെ ശരീരത്തിൽ വരുത്തിയ കൊഴുപ്പു അവനെ കിതപ്പിച്ചു.
“എല്ലാവരും വീടുകൾ പുതുക്കുകയാണല്ലോ. പണിക്കാരെല്ലാരും ഹിന്ദിക്കാരും.” അവൻ വഴിയിലെ പണി നടക്കുന്ന വീടുകൾ നോക്കി പറഞ്ഞു.
ഞാൻ ചിരിച്ചു.
“എടാ ഇവൾ എപ്പോ എവിടെയാ ?” നടക്കുന്നതിനിടയിൽ മുൻപിൽ കണ്ട വീട് നോക്കി കൊണ്ടവൻ ചോദിച്ചു.
ഇവൻ ഇതെന്താ എന്നോട് ചോദിക്കുന്നത് ? എന്റെ മനസിലുള്ളത് ഇവൻ എങ്ങനെ അറിഞ്ഞു ? ഇനി അവളോടുള്ള ഇഷ്ട്ടം ഞാൻ എങ്ങാനും ഇവനോട് പറഞ്ഞിട്ടുണ്ടോ ? ചിന്തകൾ തലയിലൂടെ പാഞ്ഞു.
ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു ? “ആരാ ?”
“എടാ അവൾ ...” അവൻ ആ വീട് തന്നെ നോക്കി മുൻപോട്ടു നടക്കുകയാണ്.
“ഓഹ് …അവളോ ... അവൾ ഫാമിലിയായി അങ്ങ് അമേരിക്കയിൽ അല്ലെ. രണ്ടു മുന്ന് മക്കളായി എന്ന് തോന്നുന്നു.”
ഞാൻ കാര്യമാക്കാതെ പറഞ്ഞുവെങ്കിലും ഒരു നിശ്വാസം ഞാൻ അറിയാതെ പുറത്തേക്കു പോയി.
“അല്ല, നീയെപ്പോഴും അവളെ കുറിച്ച് ചോദിക്കാറുണ്ടല്ലോ. എന്താ വല്ല നോട്ടവും ഉണ്ടായിരുന്നോ ?”
“ഓഹ് .. അതൊക്കെ ഇനി പറഞ്ഞെട്ടിന്തിനാ ... ഉണ്ടായിരുന്നു.... പക്ഷെ അവൾ അറിഞ്ഞിരുന്നില്ല......” അവന്ടെ മുഖത്ത് കൊഴുപ്പിനിടയിലും ഒരു നഷ്ടബോധം തളംകെട്ടി നിന്നു.
“ഓഹ് ...” അത്ഭുതം കൂറിയ കണ്ണുകളുമായി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറി ഞാൻ നിന്നു.
“ശരിയെടാ സോമാ .. പോകുന്നതിനു മുൻപ് കാണാം “ എന്ന് പറഞ്ഞു ശശി നടന്നകന്നു.
എന്നോട് പറഞ്ഞപ്പോൾ അവനു ആശ്വാസമായിട്ടുണ്ടാകും. ഞാൻ എന്ടെ കാര്യം ആരോട് പറയും. അതാലോചിച്ചു കൊണ്ട് ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു.
വിശപ്പ് എന്നെ വിട്ടുപോയിരുന്നു.
“ഇതെന്താ വീട്ടിലേക്കു വരുന്നില്ലേ....” എന്റെ നടപ്പു കണ്ടു മതിലിനുള്ളിൽ നിന്നും തല പുറത്തേക്കു വലിച്ചു നീട്ടി ഭാര്യ ചോദിച്ചു .
എനിക്ക് വീണ്ടും വിശക്കാൻ തുടങ്ങി.
----------------------------------------------------------------------------------------------------------------------------------------------------
Comments